ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലിയുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ നിർണായക യോഗം നാളെ ഡൽഹിയിൽ ചേരും. കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കും. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളെക്കുറിച്ചുള്ള തുടർനീക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
വിഷയത്തിൽ പാർലമെന്റിൽ നിർണായക ചർച്ചകൾ നടക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിയോടെ മുഴുവൻ എംപിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും തിരിച്ചെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി അദ്ദേഹം മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം, ഡിഎംകെ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഭരണകക്ഷി അംഗീകരിച്ചതായാണ് വിവരം. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുത്ത് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാർ വിഭാഗം അറിയിക്കും.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയത്തിനുള്ള വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ബിൽ എന്നിവയാണ് പരിഗണനയ്ക്കെത്തുന്നത്. ഇതോടൊപ്പം 15 വർഷത്തേക്ക് വനിതാ സംവരണം നടപ്പാക്കാനും നീക്കമുണ്ട്.
അതേസമയം, പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതോടെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് ആനുപാതികമായി കൂടുതൽ ലോക്സഭാ സീറ്റുകൾ ലഭിക്കുന്ന തരത്തിലുള്ള മാറ്റം ഒഴിവാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയ്ക്ക് 50 ശതമാനം സീറ്റ് വർധന ബാധകമാക്കില്ല. എന്നാൽ നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഈ വർധന നടപ്പാക്കും. ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
