Home Keralaമൈസൂരു–ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ ജീപ്പ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

മൈസൂരു–ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ ജീപ്പ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

by news_desk1
0 comments

കോഴിക്കോട്: മൈസൂരു–ബെംഗളൂരു എക്‌സ്‌പ്രസ് വേയിൽ മലയാളി യുവാവടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം. മാണ്ഡ്യയിലെ ഇന്ദുവാലുവിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് സ്വദേശിയായ യുവാവും ഒരു യുവതിയും മരിച്ചത്. ഇവർ സഞ്ചരിച്ച ജീപ്പ് ടിപ്പർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു മലയാളി യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് അരക്കിണർ മാത്തോട്ടം എടക്കണ്ടി പറമ്പ് പുത്തൻപുരയിൽ വീട്ടിൽ കെ. ബാസിൽ മുഹമ്മദ് അലി (22), കാറിലുണ്ടായിരുന്ന തിരിച്ചറിയാത്ത യുവതി എന്നിവരാണ് മരിച്ചത്. കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി. ലിഫായിൻ മുഹമ്മദ് നിയാസ് (21) ആണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയിലൂടെ അമിതഭാരവുമായി പോവുകയായിരുന്ന ടിപ്പർ ലോറിയെ പിന്തുടർന്നെത്തിയ ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞതോടെ പിന്നാലെയെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. ബാസിലും യുവതിയും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് നാട്ടുകാർ പറയുന്നത്. മൃതദേഹങ്ങൾ മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മാണ്ഡ്യ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like