കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ സംഭവവികാസങ്ങൾ. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചു. എന്നാൽ കോടതി വിട്ടയച്ചതിന് പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും റാമിനെ കസ്റ്റഡിയിലെടുത്തു.
കോടതി വളപ്പിൽ നിന്നാണ് ബലം പ്രയോഗിച്ച് ക്രൈം ബ്രാഞ്ച് റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. ക്രൈം ബ്രാഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പ്രതിയെ വിട്ടയച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ. എം.കെ. റാം പിടിയിലായത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി പിടികൂടിയത്.
നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വകുപ്പ് മേധാവി എന്ന നിലയിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാമിനായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജിതമാക്കിയത്. താടി വളർത്തി രൂപം മാറ്റിയ റാം സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ട് സഹായികൾക്കൊപ്പമായിരുന്നു റാമിന്റെ ഒളിവുജീവിതം.
