Home Keralaമണ്ഡലകാല ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമെന്ന് മന്ത്രി; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കെ. മുരളീധരൻ

മണ്ഡലകാല ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമെന്ന് മന്ത്രി; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കെ. മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. തീർഥാടന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ മന്ത്രിതല-ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.

നിലവിലെ ഒരുക്കങ്ങളുടെ വേഗം ആശങ്കപ്പെടുത്തുന്നതാണെന്നും മുന്നൊരുക്കങ്ങൾ ഈ രീതിയിൽ തുടർന്നാൽ ഗുരുതരമായ പരാതികൾക്ക് ഇടയാക്കുമെന്നും മന്ത്രി വിലയിരുത്തുന്നു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കന്നിമാസ പൂജയ്ക്കായി നട തുറന്നപ്പോൾ ഭക്തർക്ക് ആവശ്യത്തിന് അരവണയും അപ്പവും ലഭിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് പ്രതിസന്ധിയുണ്ടായതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ നട തുറന്നിരിക്കുന്ന സമയത്ത് പ്ലാന്റ് അറ്റകുറ്റപ്പണി നടത്തിയത് ശരിയായ നടപടിയല്ലെന്നും ഭക്തർക്ക് പ്രസാദം ലഭിക്കേണ്ടത് ബോർഡിന്റെ ഉത്തരവാദിത്വമാണെന്നും കെ. മുരളീധരൻ വിമർശിച്ചിരുന്നു.

അരവണ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ആശങ്ക അറിയിക്കുമെന്നും ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീർഥാടനം നടത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോർഡും മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതിലും, തിരുവോണ ദിവസം ഭക്തർക്ക് ഓണസദ്യ ലഭിക്കാതിരുന്നതിലും മന്ത്രി നേരത്തെ ബോർഡിനെ വിമർശിച്ചിരുന്നു.

അതേസമയം, മന്ത്രിയുടെ തുടർച്ചയായ വിമർശനങ്ങളിൽ ദേവസ്വം ബോർഡിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ചില വീഴ്ചകൾ ബോർഡിന്റെ മേൽ ചുമത്തി രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന വിമർശനവും ബോർഡിനുള്ളിൽ ഉയരുന്നുണ്ട്. പ്രസിഡന്റ് കെ. ജയകുമാർ മന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് ചില അംഗങ്ങളുടെ ആവശ്യം.

You may also like