Home Keralaസിഎംആർഎൽ-എക്സാലോജിക് കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി

സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്‌എഫ്‌ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ രേഖകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്.

ഈ 134 രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഇഡി വീണയെ വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി ജൂൺ 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകിയിട്ടുണ്ട്.

സിഎംആർഎൽ-എക്സാലോജിക് കേസിൽ ജൂൺ 17നാണ് വീണയെ ആദ്യഘട്ട ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദീകരണം തേടി.

കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം, സ്വത്ത് വാങ്ങലുകൾ, നിക്ഷേപങ്ങൾ, എംപവർ ഇന്ത്യയിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പ, തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ, ഇല്ലാത്ത സേവനത്തിന് പ്രതിഫലം ലഭിച്ചെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രതികരണം, ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യലിൽ പ്രധാനമായും ഉൾപ്പെട്ടത്.

ചോദ്യം ചെയ്യലിന് പിന്നാലെ വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ജൂൺ 29ന് വീണ്ടും ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു.

ഇതിനിടെ, സിഎംആർഎൽ എംഡി ശരൺ എസ് കർത്ത, ജയ എസ് കർത്ത, ഷിബി എസ് കർത്ത എന്നിവർ ഉൾപ്പെടെയുള്ളവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴി അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത തേടിയിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഹാജരാകാനാകില്ലെന്ന് വീണ ഇഡിയെ അറിയിച്ചിരുന്നെങ്കിലും, അന്വേഷണത്തിന്റെ ഭാഗമായി നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു.

You may also like