Home Keralaസ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

പാലക്കാട് ജില്ലയിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ലഭിച്ചിരുന്ന വേതനം 1,200 രൂപയിൽ നിന്ന് 600 രൂപയായി കുറച്ചു. ബസുകളുടെ കളക്ഷൻ കുറഞ്ഞതോടെയാണ് വേതനം കുറച്ചതെന്ന് ബസുടമകൾ വ്യക്തമാക്കുന്നു. ഇതിനെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.

അതേസമയം, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു. സ്വകാര്യ ബസുകൾക്ക് നികുതി 59 ശതമാനം കുറച്ചിട്ടുണ്ടെന്നും പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തണമെന്നും, കെഎസ്ആർടിസി പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നതുപോലെ സ്വകാര്യ ബസുകൾക്കും പരസ്യങ്ങൾ നൽകാമെന്നും മന്ത്രി നിർദേശിച്ചു. സ്വകാര്യ ബസുകൾ സർവീസ് നിർത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

സമരങ്ങളോട് സർക്കാരിന് വിരോധമില്ലെന്നും വിഷയം ചർച്ചയിലൂടെ പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി കുറച്ചത് അവരെ സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകളും കെഎസ്ആർടിസി ഓർഡിനറി സർവീസുകളും ഒരുമിച്ച് ഓടുന്ന റൂട്ടുകളിലാണ് പ്രധാന പ്രശ്നമെന്നും, പരസ്പരം മത്സരിക്കാതെ സമയക്രമം ക്രമീകരിച്ച് സർവീസ് നടത്താനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.

You may also like