ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മുൻ കാമുകൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി (18)യ്ക്കാണ് മുൻ കാമുകനായ ബന്ദേ നവാസ് (18)യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയായ നവാസിനെ ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആക്രമണം നടന്നത്. നവാസും നന്ദിനിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതോടെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതിയായ നവാസെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ബന്ദേ നവാസിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

