തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്യു ഉയർത്തിയ വിമർശനങ്ങൾക്ക് പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കെഎസ്യുവിന് അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും, മുൻപും ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അഭിപ്രായങ്ങൾ അറിയിക്കേണ്ടതിന് ചില രീതികളുണ്ടെന്നും, മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്യുവിന് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും, ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേസിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
കേസിൽ പ്രതിചേർക്കപ്പെട്ട ഡോക്ടർ അഞ്ജലി മുൻകൂർ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിട്ടുണ്ട്. അവരുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകനായ ദേവാൻഷ് ശൗരിക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റത്. മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

