Home Kerala30 ലക്ഷം ചെലവിൽ ടാർ ചെയ്ത റോഡ് വീണ്ടും നശിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കുളമാക്കി, പ്രതിഷേധിച്ച് കരാറുകാരൻ

30 ലക്ഷം ചെലവിൽ ടാർ ചെയ്ത റോഡ് വീണ്ടും നശിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കുളമാക്കി, പ്രതിഷേധിച്ച് കരാറുകാരൻ

by news_desk1
0 comments

തിരുവനന്തപുരം: 30 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത റോഡ് സാമൂഹ്യവിരുദ്ധർ വീണ്ടും നശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി കരാറുകാരൻ. തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല പുള്ളിയിൽ റോഡിലാണ് സംഭവം. മണ്ണെണ്ണ ഒഴിച്ചാണ് റോഡിന്റെ വലിയ ഭാഗം അജ്ഞാതർ കേടുപാടുകൾ വരുത്തിയതെന്ന് കണ്ടെത്തി.

ആദ്യമായി ടാർ ചെയ്ത് മടങ്ങിയ അതേ രാത്രിയിൽ തന്നെ റോഡിന്റെ ഏകദേശം 400 മീറ്റർ ഭാഗം സാമൂഹ്യവിരുദ്ധർ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കരാറുകാരന്റെ വീട്ടിന് മുന്നിൽ പ്രതിഷേധിക്കുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തു. റോഡ് ഇളകിയ നിലയിലായിരുന്നതിനാൽ നിർമാണത്തിലെ വീഴ്ചയാണെന്നായിരുന്നു ആദ്യം സംശയം.

തുടർന്ന് എൻജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയിലാണ് മണ്ണെണ്ണ ഒഴിച്ചാണ് റോഡ് നശിപ്പിച്ചതെന്ന് വ്യക്തമായത്. ഇതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങിയും സ്വന്തം സ്ഥലം വിറ്റും കരാറുകാരൻ വീണ്ടും റോഡ് റീ-ടാർ ചെയ്തു.

എന്നാൽ റീ-ടാറിംഗ് പൂർത്തിയായ അതേ രാത്രിയിൽ തന്നെ വീണ്ടും അജ്ഞാതർ മണ്ണെണ്ണ ഒഴിച്ച് റോഡ് കേടുവരുത്തി. ഇതോടെ നിർമാണ ബിൽ പോലും പാസാകാതെ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലായി.

മറ്റുവഴിയില്ലാത്തതിനാൽ കരാറുകാരൻ കഴിഞ്ഞ ദിവസം റോഡ് അടച്ച് പ്രതിഷേധിച്ചു. വീണ്ടും ടാർ ചെയ്യാൻ കടം വാങ്ങിയാണ് പണം കണ്ടെത്തിയതെന്നും ഇനി ജീവിക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് നാട്ടുകാരുടെ ഒരു വിഭാഗവും എത്തിയതോടെ തർക്കാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ആവശ്യപ്പെടുകയും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

തുടർന്ന് കരാറുകാരൻ പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

You may also like