Home Top Stories‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി

‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി

by news_desk1
0 comments

ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് സുപ്രീംകോടതി. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു.

നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി നിരീക്ഷിക്കുമെന്നും, ഇനി പിഴവുകൾ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

നീറ്റ് പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. നിലവിലെ ആരോപണങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, മുഖം നോക്കാതെ നടപടി തുടരുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ താൽക്കാലിക സംവിധാനങ്ങളാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. താൽക്കാലിക സംവിധാനങ്ങൾ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഇത്തരം രീതികൾ തുടരാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ സ്വീകരിച്ച നടപടികൾ കോടതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി.

നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി രൂപീകരിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. ഡാറ്റാ സുരക്ഷ ഉൾപ്പെടെ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പരിഗണിക്കാമോ?

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാൻ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഡാറ്റാ ചോർച്ച ഒഴിവാക്കി പരീക്ഷ എങ്ങനെ സുരക്ഷിതമായി നടത്താനാകുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

വിഷയത്തിൽ സമഗ്രമായ നിലപാട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

You may also like