കൊല്ലം: തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് കേസ് നൽകിയവരടക്കമുള്ളവർക്ക് ആ കത്തിൽ തന്നെ മറുപടിയുണ്ടെന്നും, എന്തിനാണ് തനിക്ക് പത്മഭൂഷൻ ലഭിച്ചതെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച പുരസ്കാരം തന്റെ സമുദായത്തിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കൊല്ലത്ത് എസ്.എൻ. ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള പത്ത് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ ഭരണകാലത്ത് എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും, തങ്ങൾ സഹായം ആവശ്യപ്പെട്ടിട്ടുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൽ.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് അഭിമുഖം നടത്താനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്നും, അതും പൂർണമായല്ല ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആ വിഷയത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
തനിക്കെതിരെ ഒരു മാധ്യമം വ്യാജപ്രചാരണം നടത്തുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. താൻ പണം വാങ്ങിയാൽ അതിനെ കോഴയെന്നും, രാഷ്ട്രീയക്കാർ വാങ്ങിയാൽ സംഭാവനയെന്നും, ശാന്തിക്കാർ വാങ്ങിയാൽ ദക്ഷിണയെന്നും, പൊലീസുകാർ വാങ്ങിയാൽ പടിയെന്നും വിളിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് എസ്.എൻ. ട്രസ്റ്റിലും എസ്.എൻ.ഡി.പി യോഗത്തിനുള്ളിലും നിരവധി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും, താൻ ചുമതലയേറ്റ ശേഷം അവ പരിഹരിക്കാൻ കഴിഞ്ഞതായും വെള്ളാപ്പള്ളി നടേശൻ അവകാശപ്പെട്ടു.
