Home Entertainment‘ഒരു നേരത്തെ ഭക്ഷണം മാത്രം, മഴക്കാലം ഭയമായിരുന്നു’; നീറുന്ന ഓർമ്മകൾ പങ്കുവെച്ച് രഞ്ജു രഞ്ജിമാർ

‘ഒരു നേരത്തെ ഭക്ഷണം മാത്രം, മഴക്കാലം ഭയമായിരുന്നു’; നീറുന്ന ഓർമ്മകൾ പങ്കുവെച്ച് രഞ്ജു രഞ്ജിമാർ

by news_desk1
0 comments

കേരളത്തിലെ ശ്രദ്ധേയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിലെ കഠിനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ന് നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ‘ഡോറ’ എന്ന ബ്രാൻഡിന്റെ പിന്നിലെ കരുത്തായ രഞ്ജു, ഈ നിലയിലെത്താൻ താൻ കടന്നുപോയത് വലിയ പ്രതിസന്ധികളിലൂടെയാണെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കുട്ടിക്കാലത്ത് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നതെന്ന് രഞ്ജു ഓർമ്മിച്ചു. അച്ഛന്റെയും അമ്മയുടെയും കൂലിപ്പണത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. രാത്രിയിൽ മാത്രമായിരുന്നു വീട്ടിൽ എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ചിരുന്നത്. രാവിലെയോ ഉച്ചയ്ക്കോ ഭക്ഷണം ലഭിക്കാറില്ലായിരുന്നു.

വീടിനടുത്തുള്ള അമ്മായിമാരോട് കഞ്ഞിവെള്ളം ചോദിച്ചാൽ അതിൽ കുറച്ച് ചോറും ചേർത്ത് തരാറുണ്ടായിരുന്നുവെന്നും അത് കഴിച്ചാണ് ട്യൂഷന് പോയിരുന്നതെന്നും രഞ്ജു പറഞ്ഞു. പ്ലാവിലയിൽ കഞ്ഞി കുടിച്ചിരുന്ന കാലം ഇന്നും മനസ്സിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ജൂൺ, ജൂലൈ മാസങ്ങൾ തനിക്ക് ഏറെ ഭയമായിരുന്നുവെന്നും രഞ്ജു പറഞ്ഞു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ വീട്ടിലെ സാധനങ്ങൾ എടുത്ത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയാർഥികളെപ്പോലെ ദിവസങ്ങളോളം കഴിയേണ്ടി വന്ന അനുഭവങ്ങളും അവർ പങ്കുവെച്ചു.

ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതോ വിദേശത്ത് ബിസിനസ് നടത്തുന്നതോ അല്ല ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് രഞ്ജു അഭിപ്രായപ്പെട്ടു. മനസ്സമാധാനത്തോടെ ജീവിക്കാനും ഉറങ്ങാനുമുള്ള സാഹചര്യം ഉണ്ടാകുന്നതാണ് ഏറ്റവും വലിയ സമ്പത്തെന്നും അതിനപ്പുറം ലഭിക്കുന്നതെല്ലാം ഭാഗ്യമാണെന്നും അവർ പറഞ്ഞു. ഏത് നിമിഷവും ഭൗതിക നേട്ടങ്ങൾ നഷ്ടമാകാമെങ്കിലും സ്വന്തമായി നേടിയെടുത്ത മനസ്സമാധാനമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും രഞ്ജു രഞ്ജിമാർ അഭിമുഖത്തിൽ വ്യക്തമാക്കി.

You may also like