ദില്ലി: മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകി.
മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സ്വകാര്യ ബ്രാൻഡുകളെ മറികടന്ന് ജവാന് മുൻഗണന നൽകുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുന്നുവെന്നും ബെവ്‌കോ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് കോൺഫെഡറേഷന്റെ ആരോപണം.
സർക്കാർ നയത്തിന്റെ ഭാഗമായി ജവാന് മുൻഗണന നൽകുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് നേരത്തെ സിസിഐയും എൻസിഎൽഎടിയും സ്വീകരിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് നൽകിയത്.
