Home Internationalഡേകെയറിൽ കൊണ്ടുപോകുന്നത് മറന്ന മുത്തശ്ശി; കാറിനുള്ളിൽ എട്ടുമണിക്കൂർ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡേകെയറിൽ കൊണ്ടുപോകുന്നത് മറന്ന മുത്തശ്ശി; കാറിനുള്ളിൽ എട്ടുമണിക്കൂർ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

by news_desk1
0 comments

വാഷിങ്ടൺ: യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലെയിൽ മുത്തശ്ശി കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുപോകുന്നത് മറന്നതിനെ തുടർന്ന് പത്തുമാസം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി മരിച്ചു. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞിനെയാണ് ഏകദേശം എട്ടുമണിക്കൂറിന് ശേഷം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുഞ്ഞിനെ ഡേകെയറിൽ എത്തിക്കാനായി മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ (61) രാവിലെയാണ് കുഞ്ഞുമായി വീട്ടിൽനിന്ന് ഇറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, ഡേകെയറിൽ കുഞ്ഞിനെ ഇറക്കേണ്ട കാര്യം മറന്ന മുത്തശ്ശി നേരെ തന്റെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു.

കുഞ്ഞ് കാറിലുണ്ടെന്ന കാര്യം മറന്നതോടെ ഡോ. സ്റ്റേസി കുട്ടിയെ കാറിൽ തന്നെ ഇരുത്തി ജോലിക്ക് കയറുകയായിരുന്നു. വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ അന്ന് ഡേകെയറിൽ എത്തിച്ചിട്ടില്ലെന്ന വിവരം ലഭിച്ചത്.

തുടർന്ന് കുടുംബം ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കൊണ്ടുവന്നതും പിന്നീട് ഡേകെയറിൽ ഇറക്കാത്തതും മുത്തശ്ശി ഓർത്തത്. ഉടൻ മുത്തശ്ശിയും മറ്റുള്ളവരും സ്ഥലത്തെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും പരിശോധനാഫലം പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലി (33)യുടെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവെൽ. സിഡ്നി ക്രോവെല്ലിയും ഡോക്ടറാണ്. ഒരു വർഷം മുമ്പാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനുമൊപ്പം താമസം ആരംഭിച്ചത്.

You may also like