നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒരു കുട്ടിയുൾപ്പെടെ 160 പേർ മരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 750ലധികം പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച പ്രളയത്തിന് മുമ്പുണ്ടായ പ്രകമ്പനം ഭൂചലനം മൂലമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ശക്തമായ ഉരുൾപൊട്ടലാണ് പ്രകമ്പനത്തിന് കാരണമെന്നാണ് യു.എസ്.ജി.എസ്. വ്യക്തമാക്കുന്നത്. ആദ്യം ഭൂചലനമാണ് ദുരന്തത്തിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും ഉരുൾപൊട്ടലാണ് പ്രളയത്തിന് യഥാർഥ കാരണമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു.
ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.
കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് വിവരമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരും ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായി ടൂറിസം ബോർഡ് അറിയിച്ചു.
