തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.
1956ൽ രൂപീകരിച്ച ഇഡിക്ക് നേരത്തെ വലിയ അധികാരങ്ങളുണ്ടായിരുന്നില്ലെന്നും കള്ളപ്പണം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു ചുമതലയെന്നും ഗോവിന്ദൻ പറഞ്ഞു. പി. ചിദംബരത്തിന്റെ കാലത്താണ് ഇഡിക്ക് കൂടുതൽ ഇടപെടൽ അധികാരം ലഭിച്ചതെന്നും ഇപ്പോൾ ഇഡിക്ക് വേണ്ടതിലും വേണ്ടാത്തതിലും ഇടപെടാനുള്ള അവകാശമുണ്ടോയെന്ന് കോടതി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ പുതിയ കേസ് എടുക്കാനുള്ള നീക്കവും നടക്കുന്നതായി ഗോവിന്ദൻ ആരോപിച്ചു.
കരുവന്നൂർ കേസിൽ സംസ്ഥാനത്ത് കൃത്യമായി അന്വേഷണം നടന്നശേഷമാണ് ഇഡി എത്തിയതെന്നും ജയിലിലുള്ളവരെ മാപ്പുസാക്ഷികളാക്കി പാർട്ടിക്കാർ ചെയ്തതാണെന്ന് പറയാൻ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയെ ഭയന്ന് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്നും കള്ളത്തെളിവുകൾ സൃഷ്ടിക്കാൻ സമ്മർദം ചെലുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ എഐസിസി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
പിണറായി വിജയനും വീണയ്ക്കുമെതിരെ മൊഴി നൽകാൻ സുഹൃത്ത് ഹസൻ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസും ആരോപിച്ചു. വീണ നൽകാത്ത മൊഴികൾ നൽകിയതായി വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങില്ലെന്നും അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും റിയാസ് കോഴിക്കോട്ട് വ്യക്തമാക്കി.
