തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡിജിപിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും അവ സാധൂകരിക്കുന്ന തെളിവുകൾ കൈമാറിയിട്ടില്ലെന്നും റിപ്പോർട്ട്. കോടതികൾ നേരത്തെ തള്ളിയ ബാങ്ക് രേഖകളാണ് ഇഡി തെളിവായി ഉന്നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പിണറായി വിജയനെതിരെ കേസെടുക്കാൻ നിയമോപദേശം നൽകുന്നതിൽ അഡ്വക്കേറ്റ് ജനറലിന് (എജി) ആശയക്കുഴപ്പം തുടരുകയാണ്.
പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എജി ശുപാർശ ചെയ്തേക്കില്ലെന്നാണ് വിവരം. അതേസമയം, പി എ മുഹമ്മദ് റിയാസിനെതിരെ പ്രാഥമിക പരിശോധന നടത്താൻ ശുപാർശ നൽകിയേക്കുമെന്നും സൂചനയുണ്ട്.
വീണ ടി.യുടെ ഡയറിക്കുറിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇഡിയുടെ അവകാശവാദം. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്നും ഇഡി ആരോപിക്കുന്നുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ സുരേഷ് കുമാറിന്റെ മൊഴി ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതികൾ തള്ളിയിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാകും അന്വേഷണം ആവശ്യമില്ലെന്ന ശുപാർശ എജി സർക്കാരിന് നൽകുക എന്നാണ് വിവരം.
മൂന്ന് കോടതികൾ പ്രതികൂല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ പൊലീസ് ആക്ട് പ്രകാരം കേസെടുത്താൽ തിരിച്ചടിയാകുമെന്ന നിയമവശവും എജി സർക്കാരിനെ അറിയിച്ചേക്കും.
മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ ഇഡി കത്തിൽ ആരോപണങ്ങളും ഹസൻ വാരിസിന്റെ മൊഴിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. തെളിവുകൾ കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. റിയാസിന്റെ കാര്യത്തിൽ നേരത്തെയുള്ള കോടതി വിധികൾ ബാധകമല്ലാത്തതിനാൽ പ്രാഥമിക അന്വേഷണം നടത്താമെന്ന നിലപാടാണ് എജി സ്വീകരിക്കുകയെന്നാണ് സൂചന.
വിശദമായ പരിശോധനകൾക്ക് ശേഷം അടുത്തയാഴ്ചയോടെ എജി സർക്കാരിന് നിയമോപദേശം നൽകിയേക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് CMRL-Exalogic സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്. പിണറായി വിജയൻ, വീണ ടി., മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.
വീണ ടി. വഴി പിണറായി വിജയൻ CMRL-ൽ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കത്തിലെ ആരോപണം. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ ടി. വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തിൽ പറയുന്നു. കൈക്കൂലി പണം കൈപ്പറ്റാനും കടത്താനും വീണ ടി. പിതാവ് പിണറായി വിജയനെയും ഭർത്താവ് റിയാസിനെയും സഹായിച്ചെന്നും ആരോപണമുണ്ട്.
ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചെന്നും CMRL എംഡി കൈക്കൂലി പണം നൽകിയെന്നും CMRL മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ കൈക്കൂലി ഇടപാടുകൾക്ക് സഹായിച്ചെന്നും കത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണ ടി.യെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസൻ വാരിഷ്, ഫൈസാജ് വി.പി., നന്ദുലാൽ എം. എന്നിവർ സഹായിച്ചതായും കത്തിൽ പരാമർശിക്കുന്നുണ്ട്.
ഇഡി റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാൽ റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
