തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെയാണ് വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് പടിയിറങ്ങുന്നതെന്നും അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു.
മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി അദ്ദേഹം വ്യക്തമാക്കി. ‘വസന്തത്തിന്റെ കനൽ വഴികളിൽ’ എന്ന മലയാള സിനിമയും ‘വീരവണക്കം’ എന്ന തമിഴ് സിനിമയും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായതായി അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു. സഹായിച്ചില്ലെങ്കിലും ചിലരുടെ ഭാഗത്തുനിന്ന് പിന്തുടർന്ന് ദ്രോഹിക്കുന്ന ക്രൂരത ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരമൊരു സാഹചര്യത്തിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നും അതിനാലാണ് വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നതെന്നും അനിൽ വി. നാഗേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
