Home Nationalപീഡനക്കേസ്: 10 വർഷം തടവ് വിധിക്കപ്പെട്ട തരുണ്‍ തേജ്പാൽ കോടതിയിൽ കീഴടങ്ങി; സുപ്രീംകോടതിയിൽ അപ്പീലിന് വഴിയൊരുങ്ങുന്നു

പീഡനക്കേസ്: 10 വർഷം തടവ് വിധിക്കപ്പെട്ട തരുണ്‍ തേജ്പാൽ കോടതിയിൽ കീഴടങ്ങി; സുപ്രീംകോടതിയിൽ അപ്പീലിന് വഴിയൊരുങ്ങുന്നു

by news_desk1
0 comments

പനാജി: ലൈംഗികാതിക്രമ കേസിൽ പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ ലഭിച്ച മുൻ മാധ്യമപ്രവർത്തകൻ തരുണ്‍ തേജ്പാൽ ഗോവയിലെ കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് തേജ്പാൽ പ്രതികരിച്ചു.

2013 നവംബറിൽ ഗോവയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ജൂനിയർ വനിതാ സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് തേജ്പാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2021ൽ ഗോവയിലെ വിചാരണക്കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു.

എന്നാൽ ഗോവ സർക്കാർ നൽകിയ അപ്പീലിനെ തുടർന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിചാരണക്കോടതിയുടെ വിധി റദ്ദാക്കി തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി തേജ്പാലിന് പത്ത് വർഷത്തെ കഠിന തടവ് വിധിച്ചത്.

തേജ്പാലിന് ജീവപര്യന്തം തടവ് നൽകണമെന്ന ഗോവ സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ ഗോവ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ അപ്പീൽ പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കീഴടങ്ങിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീലിൽ അടിയന്തര വാദം കേൾക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തേജ്പാൽ കോടതിയിൽ കീഴടങ്ങിയത്.

You may also like