Home Kerala‘സെക്രട്ടേറിയറ്റിൽ നിന്ന് മാറുന്നത് സ്വയം എടുത്ത തീരുമാനം, ഭരണകാലത്ത് ജനബന്ധം കുറഞ്ഞു’; തുറന്നടിച്ച് തോമസ് ഐസക്

‘സെക്രട്ടേറിയറ്റിൽ നിന്ന് മാറുന്നത് സ്വയം എടുത്ത തീരുമാനം, ഭരണകാലത്ത് ജനബന്ധം കുറഞ്ഞു’; തുറന്നടിച്ച് തോമസ് ഐസക്

by news_desk
0 comments

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം പൂർണ്ണമായും സ്വയം എടുത്തതാണെന്ന് മുതിർന്ന നേതാവ് ഡോ. ടി.എം. തോമസ് ഐസക്. താൻ മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് കടന്നുവരാൻ സാധിക്കൂ എന്നും മാറാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എന്നത് സംസ്ഥാന സെക്രട്ടറിയേറ്റിനേക്കാൾ ഉയർന്ന പദവിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി വളരെ ഫലപ്രദമായ സമ്മേളനമായിരുന്നുവെന്നും ഔപചാരികമായ ഒരു ഏകസ്വരമല്ല യോഗത്തിൽ ഉയർന്നുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടിക്ക് കുറവുവന്നു. കഴിഞ്ഞ പത്തു വർഷമായി ബഹുജന സംഘടനകൾ നിർജീവമായിരുന്നു. ഭരണം കൊണ്ട് മാത്രം ജനസ്വാധീനം നേടാനാകില്ലെന്നും, തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകിയ പാർട്ടി അനുഭാവികൾ തെറ്റുതിരുത്തി തിരികെ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി അംഗീകരിച്ച രണ്ട് രേഖകളിലും പാർട്ടിക്ക് തെറ്റുപറ്റി എന്നാണ് പറയുന്നത്. അതിനാൽ ജനങ്ങൾക്ക് തെറ്റുപറ്റി എന്ന തരത്തിലുള്ള ചർച്ചകൾക്ക് അർത്ഥമില്ല. ഭാവിയിൽ കൂടുതൽ സംഘടനാപരമായ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് തീരുമാനിച്ചിട്ടുള്ളത്.

പാർട്ടി അച്ചടക്കത്തെക്കുറിച്ച് സംസാരിക്കവെ, വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും മുൻപ് പോളിറ്റ് ബ്യൂറോയിൽ നിന്ന് മാറ്റിനിർത്തി നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അത് വി.എസിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങൾക്ക് മേൽ അന്നും ഇന്നും കൃത്യമായ പിടിയുണ്ട്. ആ ശൈലിയും നിയന്ത്രണവും കൈവിട്ടാൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായി മാറുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

You may also like