ഫോട്ടോ: വരുൺ എൻ നായർ
തൃശൂർ: ലോകത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് തയ്യാറാക്കിയ ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സിൽ കേരളത്തിൽ ഒന്നാമതെത്തി തൃശൂർ. കൊച്ചിയെ പിന്നിലാക്കിയാണ് സാംസ്‌കാരിക തലസ്ഥാനം ഇത്തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സാമ്പത്തിക സ്ഥിതി, മാനവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് പ്രധാന ഘടകങ്ങൾ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയത്.
ലോകമെമ്പാടുമുള്ള 163 രാജ്യങ്ങളിലെ 1000 പ്രധാന നഗരങ്ങളെ താരതമ്യം ചെയ്തുള്ള പട്ടികയിൽ കേരളത്തിൽ നിന്ന് ഏഴ് നഗരങ്ങൾ ഇടംനേടി. ആഗോളതലത്തിൽ 477-ാം റാങ്ക് നേടിയാണ് തൃശൂർ കേരളത്തിൽ ഒന്നാമതെത്തിയത്. കൊച്ചി (489), കോഴിക്കോട് (499), കൊല്ലം (623), തിരുവനന്തപുരം (624), കോട്ടയം (696), കണ്ണൂർ (772) എന്നിവയാണ് പട്ടികയിലുള്ള മറ്റ് കേരളീയ നഗരങ്ങൾ.
ദേശീയതലത്തിൽ ഡൽഹി (268), ബെംഗളൂരു (311), മുംബൈ (330), ചെന്നൈ (381), ഹൈദരാബാദ് (421), പൂണെ (427) എന്നീ നഗരങ്ങൾക്ക് തൊട്ടുപിന്നിലായി ഏഴാം സ്ഥാനത്ത് തൃശൂർ നിലയുറപ്പിച്ചു. ഇന്ത്യയിൽ നിന്ന് ആകെ 90 നഗരങ്ങളാണ് പട്ടികയിലുള്ളത്.
കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ കൊച്ചിയായിരുന്നു കേരളത്തിൽ ഒന്നാമതും തൃശൂർ രണ്ടാമതും. എന്നാൽ ഉയർന്ന ജീവിതനിലവാരം, മികച്ച പരിസ്ഥിതി സൗഹൃദ അന്തരീക്ഷം, ശക്തമായ സാമ്പത്തിക സ്ഥിതി എന്നിവയിൽ മികച്ച സ്കോർ നേടിയാണ് തൃശൂർ ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. അതേസമയം, ആഗോളതലത്തിൽ യു.എസ് നഗരമായ ന്യൂയോർക്ക് തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ യുകെയിലെ ലണ്ടൻ രണ്ടാമതും ഫ്രാൻസിലെ പാരീസ് മൂന്നാമതും എത്തി.
