ന്യൂയോർക്ക്: ഗ്രീൻലാൻഡിന്റെ സുരക്ഷയിലും പ്രതിരോധ ആവശ്യങ്ങളിലുമുള്ള അമേരിക്കയുടെ സ്ഥിരമായ ഇടപെടലിന് വഴിയൊരുക്കുന്ന കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെന്മാർക്കുമായും ഗ്രീൻലാൻഡുമായും ധാരണയിലെത്തിയെന്നും അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്കിടെ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും ട്രംപ് അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരാൻ ആവശ്യമായ പാർലമെന്ററി നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ യുഎസിന്റെ എതിരാളികൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ലെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഗ്രീൻലാൻഡിൽ വലിയ അമേരിക്കൻ സൈനിക സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയും റഷ്യയും ഉൾപ്പെടെയുള്ള അമേരിക്കയുടെ എതിരാളികളെ ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം സ്ഥാപിക്കുന്നതിൽനിന്നും തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപം നടത്തുന്നതിൽനിന്നും തടയുന്നതിനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് യുഎസ് വിശദീകരണം. അതേസമയം, ഗ്രീൻലാൻഡിന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും ഗ്രീൻലാൻഡ് ജനതയുടെ സ്വയംനിർണയാവകാശവും കരാർ അംഗീകരിക്കുന്നതായി ഡെന്മാർക്ക് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുമായുള്ള ധാരണയെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൺ സ്വാഗതം ചെയ്തു. ഗ്രീൻലാൻഡിനും ഡെന്മാർക്കിനും അമേരിക്കയ്ക്കും ഗുണകരമായ കരാറാണിതെന്നും ആർട്ടിക് മേഖലയിലെയും വടക്കൻ അറ്റ്ലാന്റിക് മേഖലയിലെയും സുരക്ഷ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസണും കരാർ സ്വാഗതം ചെയ്തു.
ഡെന്മാർക്കിന്റെ ഭാഗമായ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. പ്രതിരോധം, വിദേശനയം തുടങ്ങിയ പ്രധാന മേഖലകൾ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലാണ്. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ ആർട്ടിക് സ്ഥാനം, ധാതുസമ്പത്ത്, റഷ്യയുടെയും ചൈനയുടെയും മേഖലയിലെ താൽപര്യങ്ങൾ എന്നിവയാണ് അമേരിക്കയുടെ സുരക്ഷാ ആശങ്കകൾക്ക് പ്രധാന കാരണം.
ഗ്രീൻലാൻഡിനെ സ്വന്തമാക്കണമെന്ന ആവശ്യം ട്രംപ് നേരത്തെ പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ പുതിയ ധാരണ ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് കൈമാറുന്നതല്ലെന്നും ദ്വീപ് ഡെന്മാർക്കിന്റെ കീഴിൽ തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പകരം, ഗ്രീൻലാൻഡിൽ അമേരിക്കയുടെ സൈനിക സാന്നിധ്യവും സുരക്ഷാ അവകാശങ്ങളും വിപുലീകരിക്കുന്നതിനാണ് കരാർ വഴിയൊരുക്കുന്നത്.
