തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിന്റെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് വിജയ പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെയും വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് സംഭവം.
വഴക്കിന് പിന്നാലെ വിജയ പ്രേംകുമാർ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, ഭാര്യയുമായി വാക്കേറ്റമുണ്ടായെന്നും ഇതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാൻ കത്തിയെടുത്തപ്പോഴാണ് കഴുത്തിൽ മുറിവേറ്റതെന്നുമാണ് വിജയ പ്രേംകുമാർ പൊലീസിന് നൽകിയ മൊഴി.
