Home Kerala‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

by news_desk1
0 comments

കോഴിക്കോട്: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സാവിത്രിയുടെ അന്ത്യം കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ ശ്രദ്ധേയയായത്. ഈ ചിത്രത്തിലെ പ്രകടനത്തിന് 2018ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി.

പതിനാറാം വയസിലാണ് സാവിത്രി നാടകരംഗത്തേക്ക് എത്തിയത്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. കാര യുവജന കലാസമിതിയുടെ ‘നോട്ടുകൾ’ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്.

കെ.ടി. മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകത്തിലൂടെയാണ് സാവിത്രി പ്രൊഫഷണൽ നാടക രംഗത്തേക്ക് കടന്നത്. തുടർന്ന് കെ.ടി. മുഹമ്മദിന്റെ ‘കലിംഗ’, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക സമിതികളിലും സജീവമായി.

നാടകവേദിയിൽനിന്ന് സിനിമയിലേക്കെത്തിയ സാവിത്രി ശ്രീധരൻ, അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കലാകാരിയായിരുന്നു. അവരുടെ നിര്യാണത്തോടെ മലയാള സിനിമ-നാടക രംഗത്തിന് ശ്രദ്ധേയമായൊരു കലാകാരിയെ നഷ്ടമായി.

You may also like