Home Top Storiesസ്പോൺസർ ആരെന്ന് പറയാത്തതിൽ കോൺഗ്രസിലും അതൃപ്തി; കെ ജെ ജോർജിന്റെ പേര് മറച്ചതെന്തിന്?

സ്പോൺസർ ആരെന്ന് പറയാത്തതിൽ കോൺഗ്രസിലും അതൃപ്തി; കെ ജെ ജോർജിന്റെ പേര് മറച്ചതെന്തിന്?

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്നതിൽ വിവാദം തുടരുന്നതിനിടെ, സ്പോൺസറുടെ പേര് പരസ്യമായി പറയാതിരുന്നതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും, യാത്രാ വിശദാംശങ്ങൾ വ്യക്തമാക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താതിരുന്നതാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കളിൽ അമർഷത്തിന് ഇടയാക്കിയത്.

വിമാനം പറത്തിയത് ചിപ്സൺ ഏവിയേഷൻ എന്ന സ്ഥാപനമാണ്. സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടക കരാർ പുതുക്കുന്നതിനായി കമ്പനി ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് സൗജന്യ യാത്ര ഒരുക്കിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്പോൺസർഷിപ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം വരുംദിവസങ്ങളിൽ സർക്കാരിനും കോൺഗ്രസിനും രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതൃത്വത്തിലെ ചില പ്രമുഖർ പങ്കുവെക്കുന്നുണ്ട്.

അതേസമയം, വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിഷേധവും ശക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസറെ കണ്ടെത്താൻ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി രംഗത്തെത്തി.

പാലക്കാട് കോട്ടയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ സ്പോൺസറുടെ മുഖം കൃത്യമായി വരയ്ക്കുന്നവർക്ക് ‘എമർജൻസി ലൈറ്റ്’ സമ്മാനമായി നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. വിവാദം തുടരുന്നതിനിടെ വിഷയം ഏറ്റെടുത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.

You may also like