Home Top Storiesമാസപ്പടി കേസ്: എസ്ഐടി രൂപീകരണത്തിലും നിയമപ്രശ്നമെന്ന് ഷോൺ ജോർജ്; ‘അന്വേഷണം സിബിഐക്ക് വിടണം’

മാസപ്പടി കേസ്: എസ്ഐടി രൂപീകരണത്തിലും നിയമപ്രശ്നമെന്ന് ഷോൺ ജോർജ്; ‘അന്വേഷണം സിബിഐക്ക് വിടണം’

by news_desk1
0 comments

തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത് ഡിജിപിക്കാണെന്നും എന്നാൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയില്ലെന്നുമാണ് ഷോൺ ജോർജിന്റെ ആരോപണം. ആഭ്യന്തര മന്ത്രി തന്നെ കേസിൽ ആരോപണവിധേയനാണെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് നേരത്തെ പറഞ്ഞതും അദ്ദേഹമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

മാസപ്പടി കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന അന്വേഷണം തെളിവുകൾ ഇല്ലാതാക്കാനുള്ള നീക്കമായി മാറുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യുമോയെന്നും ഷോൺ ജോർജ് ചോദിച്ചു.

പലരും കേസുമായി ബന്ധപ്പെട്ട് പണം വാങ്ങിയിട്ടുണ്ടെന്നും സംഘടനകളും മാധ്യമങ്ങളും ഉൾപ്പെടെ പണം വാങ്ങിയവരുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. പണം വാങ്ങിയവരിൽ അധികാരത്തിലിരുന്നവരാണ് പ്രധാനപ്പെട്ടവരെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് ഒത്താശ ചെയ്തവരാണ് ഇതിന് പിന്നിലെന്നും ഷോൺ ജോർജ് ആരോപിച്ചു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച രേഖകളിൽ ബിജെപി നേതാക്കളുടെ പേരില്ലെന്നും, രേഖകൾ തനിക്ക് അയച്ചുനൽകിയത് ഷാജൻ ആണെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട രേഖകൾ ചൂണ്ടിക്കാട്ടി നിരവധി പ്രമുഖരുടെ പേരുകൾ മാസപ്പടി കേസിൽ ഉയർന്നുവന്നിട്ടുണ്ടെന്നാണ് ഷോൺ ജോർജിന്റെ മറ്റൊരു അവകാശവാദം. എസ്‌എഫ്‌ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ടതായി പറയുന്ന സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ ചില പേജുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി അവകാശപ്പെട്ട ഷോൺ ജോർജ്, ഇത്രയും രേഖകൾ പുറത്തുവന്നിട്ടും വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

ഡയറിയിൽ പിണറായി വിജയന്റെ പേര് ‘പി വി’ എന്ന ചുരുക്കെഴുത്തിലല്ല, ‘പിണറായി’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ നേതാക്കളുടെ പേരുകളും രേഖയിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

You may also like