പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിലുണ്ടാകണമെന്നാണ് വിശദീകരണം. തിരുവാഭരണം കമ്മീഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറന്മുളയിലുണ്ടെന്നും അത് ഉറപ്പാക്കുമെന്നും കെ. ജയകുമാർ പറഞ്ഞു.
കിരീടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ തിരുവാഭരണം കമ്മീഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണവും നൽകിയിരുന്നു.
അതേസമയം, മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവ സംബന്ധിച്ച പരിശോധന തുടരുകയാണെന്നും വിവരമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
എന്നാൽ കിരീടം നഷ്ടമായിട്ടില്ലെന്നാണ് നിലവിൽ ദേവസ്വം ബോർഡിന്റെ നിലപാട്. ആറന്മുളയിൽ കിരീടം സുരക്ഷിതമായി ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ഇനി നടക്കുക.
