തിരുവനന്തപുരം: ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് ₹17.14 ലക്ഷം നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. എന്നാൽ നഷ്ടം കൃത്യമായി എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെങ്കിലും പ്രോസിക്യൂഷൻ നടപടിക്ക് മതിയായ തെളിവില്ലെന്നും വിജിലൻസ് വ്യക്തമാക്കി.
വിജിലൻസ് റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. 43 പ്രതികളിൽ ഒരാൾ ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് വ്യക്തമാക്കുന്ന തെളിവുകളും കണ്ടെത്താനായിട്ടില്ല.
നെയ്യിന്റെ ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയിലുണ്ടായ ഗുരുതര വീഴ്ചകളാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതുതായി നിയമിച്ച ജീവനക്കാരെ ഉടൻ തന്നെ കൗണ്ടർ ചുമതലയിൽ നിയോഗിച്ചതിലും വീഴ്ചയുണ്ടായി.
നിലവിൽ ടിക്കറ്റ് നൽകുന്നതും നെയ്യ് പാക്കറ്റ് കൈമാറുന്നതും ഒരേ ജീവനക്കാരാണ് നിർവഹിക്കുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്നും വിജിലൻസ് നിർദേശിച്ചു. നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കുകയും വേണം. പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്ഒപി) മൂന്ന് ആഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി.
മാനേജ്മെന്റ്, സാങ്കേതിക, ഭരണപരമായ മേഖലകളിലെ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.
