Home Internationalഒമാൻ തീരത്ത് ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

by news_desk1
0 comments

മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം. അജ്ഞാത വസ്തു പതിച്ച് തീപിടിച്ച കപ്പലിൽ നിന്ന് 27 ജീവനക്കാരെ ഒമാൻ സുരക്ഷാസേന രക്ഷപ്പെടുത്തി. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയുമായി സഞ്ചരിച്ചിരുന്ന ‘എംവി കേപ് ദാവോ’ എന്ന ബൾക്ക് കാരിയർ കപ്പലിനാണ് മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപം ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതോടെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അടിയന്തര രക്ഷാപ്രവർത്തനം നടത്തി. കപ്പലിലുണ്ടായിരുന്ന 27 ജീവനക്കാരെയും സുരക്ഷിതമായി കരയിലെത്തിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അജ്ഞാത വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. തുടർന്ന് കപ്പൽ കടലിൽ നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്നു.

കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യൻ എംബസി ഏകോപിപ്പിച്ചുവരികയാണ്.

ചെങ്കടൽ-അറബിക്കടൽ മേഖലയിലെ കപ്പൽപാതകളിൽ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. എന്നാൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

You may also like