Home Top Stories‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തിയിൽ മുംബൈയിൽ വൻ പ്രതിഷേധം’; സി.ജെ.പി അന്ത്യശാസനം, വീണ്ടും ഇംപീച്ച്‌മെന്റിനൊരുങ്ങി കോൺഗ്രസ്

‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തിയിൽ മുംബൈയിൽ വൻ പ്രതിഷേധം’; സി.ജെ.പി അന്ത്യശാസനം, വീണ്ടും ഇംപീച്ച്‌മെന്റിനൊരുങ്ങി കോൺഗ്രസ്

by news_desk
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). രാജിയാവശ്യപ്പെട്ട് 24 മണിക്കൂർ തികയുന്നതോടെ മുംബൈയിൽ ആരംഭിക്കുന്ന പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ വ്യക്തമാക്കിക്കഴിഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ‘വോട്ട് കൊള്ള’ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഇംപീച്ച്‌മെന്റ് പ്രമേയങ്ങൾ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയതോടെ, വീണ്ടും പുതിയ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് ‘ഇന്ത്യ’ മുന്നണി. കൂടുതൽ എം.പിമാരുടെ പിന്തുണയോടെ ഒരാഴ്ചയ്ക്കകം ലോക്‌സഭയിലും രാജ്യസഭയിലും വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നൽകാൻ കോൺഗ്രസ് ചർച്ചകൾ സജീവമാക്കി.

ഇതിനുപുറമെ കോൺഗ്രസ് പി.സി.സി-കളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി തെരുവ് പ്രക്ഷോഭങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇടതുപക്ഷ പാർട്ടികളും വിവിധ വിദ്യാർത്ഥി സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും പ്രതിഷേധം ശക്തമായതോടെ, ഉത്തർപ്രദേശിലെ മീററ്റിലും വാരാണസിയിലും നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികളിൽ നിന്ന് ഗ്യാനേഷ് കുമാർ പിൻവാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

You may also like