Home National‘മോളെ, കോടതി നിന്റെ ആവശ്യം കേട്ടു’; പോക്സോ അതിജീവിതയ്ക്ക് ധൈര്യം പകർന്ന് ജഡ്ജിയുടെ കുറിപ്പ്

‘മോളെ, കോടതി നിന്റെ ആവശ്യം കേട്ടു’; പോക്സോ അതിജീവിതയ്ക്ക് ധൈര്യം പകർന്ന് ജഡ്ജിയുടെ കുറിപ്പ്

by news_desk1
0 comments

ന്യൂഡൽഹി: പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് ധൈര്യം പകരാൻ വിധിന്യായത്തിനൊപ്പം വ്യക്തിപരമായ കുറിപ്പെഴുതി വനിതാ ജഡ്ജി. ഡൽഹി രോഹിണി പോക്സോ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി രജനി രംഗയാണ് പെൺകുട്ടിക്കായി ഹൃദയസ്പർശിയായ സന്ദേശം രേഖപ്പെടുത്തിയത്. പെൺകുട്ടിക്ക് പ്രോത്സാഹനവും മനോധൈര്യവും നൽകുന്ന ഈ കുറിപ്പ് ഉടൻ കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

പീഡനക്കേസിലെ വിചാരണക്കോടതി വിധിക്കെതിരെ പ്രതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജഡ്ജി രജനിയുടെ കുറിപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് സന്ദേശം എത്രയും വേഗം പെൺകുട്ടിക്ക് എത്തിക്കാൻ കോടതി നിർദേശം നൽകിയത്.

2023ൽ ഏഴുവയസ്സുള്ളപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. സുമിത് ശാക്യയാണ് കേസിലെ പ്രതി. രോഹിണി പോക്സോ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി രജനി പ്രതിക്ക് മരണം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പെൺകുട്ടിക്ക് 10.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു.

വിചാരണയ്ക്കിടെ ‘അങ്കിൾ’ എന്ന് വിളിച്ചിരുന്ന പ്രതിയെ അയാൾക്ക് വയസാകുന്നതുവരെ ജയിലിലടക്കണമെന്ന് പെൺകുട്ടി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് മറുപടിയായാണ് വിധിന്യായത്തിനൊപ്പം ജഡ്ജി പ്രത്യേക കുറിപ്പ് എഴുതിയത്.

പെൺകുട്ടി കോടതിയിൽ എത്തി തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയുകയും സത്യം തുറന്നുപറയുകയും ചെയ്ത ധൈര്യത്തെ ജഡ്ജി കുറിപ്പിൽ പ്രത്യേകം പ്രശംസിച്ചു. അവൾ മൗനം പാലിക്കാതെ അമ്മയോട് സംഭവിച്ച കാര്യം പറഞ്ഞതും കുറ്റവാളിക്ക് ഇനി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതുമാണ് അവളുടെ വലിയ ധൈര്യമെന്നും ജഡ്ജി പറഞ്ഞു.

നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാൻ കോടതിക്ക് കഴിയില്ലെങ്കിലും പെൺകുട്ടിയുടെ വാക്കുകൾ കോടതി കേട്ടുവെന്ന് ഉറപ്പുനൽകാനാകുമെന്ന് ജഡ്ജി വ്യക്തമാക്കി. ഇനി സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നും സ്കൂളിൽ പോകണം, കൂട്ടുകാരെ ഉണ്ടാക്കണം, ചിരിക്കണം, കളിക്കണം, സ്വപ്നം കാണണം എന്നും കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ ധൈര്യം കോടതി എന്നും ഓർക്കുമെന്നും ജഡ്ജി രേഖപ്പെടുത്തി.

പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഈ കുറിപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇപ്പോൾ പെൺകുട്ടിക്ക് പത്തുവയസ്സായതിനാൽ കുറിപ്പ് പ്രിന്റ് ചെയ്ത് രണ്ടാഴ്ചയ്ക്കകം അവൾക്ക് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിചാരണക്കോടതി അനുവദിച്ച 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും എത്രയും വേഗം നൽകണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. പ്രതിയുടെ ഹർജി 2027 ജനുവരി 20ന് വീണ്ടും പരിഗണിക്കും.

You may also like