Home Keralaകുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി ചുരുങ്ങി; ‘യു.ഡി.എഫ്. വോട്ടർമാരും എൽ.ഡി.എഫിന് വോട്ട് ചെയ്തു’

കുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി ചുരുങ്ങി; ‘യു.ഡി.എഫ്. വോട്ടർമാരും എൽ.ഡി.എഫിന് വോട്ട് ചെയ്തു’

by news_desk1
0 comments

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും” എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള റിയാസിന്റെ പ്രതികരണം.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ 2,273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അതേ വാർഡിലാണ് ഇത്തവണ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി ചുരുങ്ങിയത്.

ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി ഫർസീന അറയ്ക്കൽ 2,711 വോട്ട് നേടി വിജയിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി ജംഷീന ടി.ടി. 2,275 വോട്ടുകൾ നേടി. ഇതോടെ യു.ഡി.എഫ്. സ്ഥാനാർഥിയുടെ ഭൂരിപക്ഷം 436 വോട്ടായി.

യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടർമാരിൽ ഉൾപ്പെടെ ചിലർ എൽ.ഡി.എഫിന് വോട്ട് ചെയ്തതാണ് ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണമെന്നാണ് റിയാസിന്റെ വിലയിരുത്തൽ. യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും മതനിരപേക്ഷതയിൽ വെള്ളം ചേർക്കുന്ന രീതിയിലുള്ള ബി.ജെ.പി. അനുകൂല സമീപനവും ഇതിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു.

“യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കൾക്കും വോട്ടർമാർക്കും അഭിവാദ്യങ്ങൾ. വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതി തോറ്റ എൽ.ഡി.എഫ്. സ്ഥാനാർഥിക്കും അഭിനന്ദനങ്ങൾ,” എന്നും റിയാസ് പ്രതികരിച്ചു.

കുറ്റിച്ചിറയിൽ നേരത്തെ 2,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ്. വിജയിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വാർഡിലെ വോട്ടുമാറ്റമാണ് പ്രധാന രാഷ്ട്രീയ ചർച്ചയായിരിക്കുന്നത്.

You may also like