ഖ്നൗ: കാൻപുരിലെ കോടീശ്വരനായ ബിസിനസുകാരൻ വിനീത് മിനോച്ചയെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർത്തിരുന്ന മരുമകൾ ഷാലു മിനോച്ച ജയിൽമോചിതയായി. കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും കോടതി അവരെ വിട്ടയച്ചതും. കേസിൽ പ്രതിചേർക്കപ്പെട്ട ഷാലു 21 ദിവസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.
സെപ്റ്റംബർ അഞ്ചിന് രാത്രിയായിരുന്നു വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വീട്ടിലെ മുൻ ജീവനക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിനീതിനെ കൊലപ്പെടുത്താൻ ഷാലു ക്വട്ടേഷൻ നൽകിയെന്നായിരുന്നു ആദ്യം വിശാൽ നൽകിയ മൊഴി. ഷാലുവിനെ വിശാൽ പലതവണ ഫോണിൽ വിളിച്ചതും കേസിലെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
വിനീത് സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഷാലുവിന്റെ നിശാപാർട്ടികളിലെ സാന്നിധ്യത്തെ എതിർത്തതുമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ആദ്യഘട്ട പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാലുവിനെയും അറസ്റ്റ് ചെയ്തത്.
എന്നാൽ ദിവസങ്ങൾക്കകം കേസിൽ നിർണായക വഴിത്തിരിവുണ്ടായി. വിനീതിന്റെ മകൻ സുബ്രത് മിനോച്ച തന്നെയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പിതാവിന് മറ്റുചിലരുമായുള്ള ബന്ധവും അതുവഴി സ്വത്ത് നഷ്ടപ്പെടുമെന്ന ഭയവുമാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് പൊലീസ് പറഞ്ഞത്.
പിടിക്കപ്പെട്ടാൽ ഭാര്യ ഷാലുവാണ് ക്വട്ടേഷൻ നൽകിയതെന്ന് പറയണമെന്ന് സുബ്രത് വിശാലിനോട് പറഞ്ഞിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇതോടെയാണ് ഷാലുവിനെതിരെ ആദ്യം ഉയർന്ന ആരോപണങ്ങൾ ദുർബലമായത്.
കേസിൽ ഷാലുവിന് പങ്കില്ലെന്ന് കണ്ടെത്തിയതോടെ അവരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് കോടതി ഷാലുവിനെ വിട്ടയക്കുകയായിരുന്നു. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജയിൽമോചിതയായതിന് പിന്നാലെ, എന്തുകൊണ്ടാണ് ഭർത്താവ് തന്നെ കേസിൽ കുരുക്കിയതെന്ന് അറിയില്ലെന്ന് ഷാലു പ്രതികരിച്ചു. താൻ നിരപരാധിയാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
21 ദിവസം ജയിലിൽ കഴിയേണ്ടിവന്നത് ഏറെ പ്രയാസകരമായിരുന്നുവെന്നും ഓരോ ദിവസവും എങ്ങനെ തള്ളിനീക്കിയെന്ന് അറിയില്ലെന്നും ഷാലു പറഞ്ഞു. ജയിലിൽ കഴിയുമ്പോൾ മകനിൽനിന്ന് അകന്നുനിൽക്കേണ്ടിവന്നതാണ് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതെന്നും ഇനി നേരെ മകന്റെ അടുത്തേക്കാണ് പോകുന്നതെന്നും അവർ പ്രതികരിച്ചു.
