ന്യൂഡൽഹി: കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള ഒരു കോടി 58 ലക്ഷം പേരുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
റേഷൻ കാർഡുകൾ മരവിപ്പിച്ചാലും ഉടൻ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. പകരം, കാർഡ് യഥാർഥ ഉപഭോക്താവിന്റേതാണെന്ന് തെളിയിക്കാൻ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ മരവിപ്പിച്ച നടപടി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാജ റേഷൻ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, സംശയാസ്പദമായ കാർഡുകൾ എന്നിവ കണ്ടെത്തി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
