ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് എംപിമാർക്ക് അനുമതി. രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിന്റെ എക്സ് പോസ്റ്റിലെ സൂചന.
ദിവസം മുഴുവൻ കാത്തിരിപ്പിച്ചശേഷം രാത്രി എട്ടിന് സമയം അനുവദിച്ചത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാൽ ഘോഷ് ചോദിച്ചു. രാജ്യം മുഴുവൻ സംഭവവികാസങ്ങൾ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കൊൽക്കത്ത–ഡൽഹി രാജധാനി എക്സ്പ്രസ് റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകിയോടുന്നതായും പരാതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ചില മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ച ഘോഷ്, ഇതിന് പിന്നിൽ ഭയമാണോയെന്നും ചോദിച്ചു.
നിരവധി തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു ‘ഇന്ത്യ’ സഖ്യത്തിന്റെ നീക്കം. ഇതിനായി ഉച്ചയ്ക്കുശേഷം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ എംപിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് രാത്രി എട്ടിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സഖ്യത്തിന്റെ പ്രതിഷേധം. ആദ്യദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബർ ഏഴിന് ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. മൂന്നാം ദിവസമായ ഇന്നലെ മാർച്ച് ഒഴിവാക്കിയ നേതാക്കൾ രാജ്ഘട്ടിലെത്തി ഒന്നിച്ച് പ്രാർഥിക്കുകയും സമാധാനധർണ നടത്തുകയും ചെയ്തിരുന്നു.
