Home Keralaസ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തെന്ന് ആരോപണം; ശ്രീരാജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പൊലീസ്

സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തെന്ന് ആരോപണം; ശ്രീരാജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പൊലീസ്

by news_desk1
0 comments

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി ശ്രീരാജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പൊലീസ്. സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ശ്രീരാജ് പതിവാക്കിയിരുന്നുവെന്നും നിരവധി പാവപ്പെട്ട പെൺകുട്ടികൾ പ്രതികളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണോയെന്ന് സംശയിക്കുന്നതായി എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.

ദീർഘകാലമായി ആസൂത്രിതമായ രീതിയിൽ കുറ്റകൃത്യങ്ങൾ നടന്നുവരികയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്ന് എസിപി പറഞ്ഞു. നിരാലംബരായ പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീരാജിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ, നഗരത്തിലെ പല സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചിരുന്നത് ഇയാളാണെന്ന വിവരവും ലഭിച്ചതായി എസിപി പറഞ്ഞു. പെൺകുട്ടികളെ ഭയപ്പെടുത്തി നിയന്ത്രിക്കാനായി പൊലീസുകാർ തങ്ങളുടെ സുഹൃത്തുക്കളാണെന്നും ഗുണ്ടാസംഘങ്ങളുടെ പിന്തുണയുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തരം ഭീഷണികൾ കാരണം ചൂഷണത്തിന് ഇരയായ സ്ത്രീകൾക്ക് പിന്നീട് പ്രതികൾക്കെതിരെ സംസാരിക്കാൻ പോലും ഭയമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടിയുള്ള ഭീഷണികളിലൂടെ ഇരകളെ നിശ്ശബ്ദരാക്കുകയായിരുന്നു പ്രതികളുടെ രീതിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

സ്പാകളിൽ ചൂഷണത്തിന് ഇരയായ സ്ത്രീകളെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

You may also like