Home Nationalഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ജന്തർ മന്ദറിലേക്ക് നീങ്ങിയ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ജന്തർ മന്ദറിലേക്ക് നീങ്ങിയ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ഡൽഹിയിൽ വീണ്ടും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സംയുക്ത നേതൃത്വത്തിൽ ഫിറോസ് ഷാ റോഡിൽ സംഘടിപ്പിച്ച മാർച്ച് ജന്തർ മന്ദറിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു.

പാർലമെന്റംഗങ്ങളായ എ.എ. റഹീം, ഡോ. വി. ശിവദാസൻ എന്നിവർക്കൊപ്പം സി.പി.ഐ.എം നേതാവ് എം.വി. നികേഷ് കുമാർ, ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ നേതാവ് ആദർശ് എം. സജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. വൻ പൊലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ തടയാൻ സ്ഥലത്ത് വിന്യസിച്ചിരുന്നത്.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നുവെന്നും വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പൗരന്മാരെ ഒഴിവാക്കുന്നുവെന്നും ആരോപിച്ചാണ് സംഘടനകൾ തെരുവിലിറങ്ങിയത്. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പരിമിതപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മാർച്ചിൽ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു.

ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും നേതാക്കൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്നും വോട്ടർപട്ടികയിൽ കൃത്രിമം നടത്തി ബി.ജെ.പിയെ സഹായിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ച നേതാക്കൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

മാർച്ച് തടഞ്ഞ പൊലീസ് നടപടിയെയും കേന്ദ്ര സർക്കാരിന്റെ നിലപാടുകളെയും എ.എ. റഹീമും ഡോ. വി. ശിവദാസനും ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും പ്രതിഷേധിക്കാനുള്ള അവകാശത്തിലും ഉയരുന്ന ആശങ്കകൾ മുൻനിർത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന നിലപാടിലാണ് ഇടത് വിദ്യാർഥി-യുവജന സംഘടനകൾ.

You may also like