Home Nationalനവരാത്രിക്ക് ശേഷം സമരച്ചൂട് വീണ്ടും; നവംബർ ഒന്നിന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി

നവരാത്രിക്ക് ശേഷം സമരച്ചൂട് വീണ്ടും; നവംബർ ഒന്നിന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി

by news_desk1
0 comments

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം. നവരാത്രിക്ക് ശേഷം സമരപരമ്പര ആരംഭിക്കാനാണ് തീരുമാനം. നവംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ എല്ലാ സഖ്യകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് മഹാറാലി നടത്തും. അതിനു മുന്നോടിയായി ഒക്ടോബർ 25ന് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. എന്നാൽ പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥി-യുവജന സംഘടനകൾക്കുള്ളിൽ തന്നെ ഭിന്നത പരസ്യമായത് പുതിയ വിവാദമായി.

ഒക്ടോബർ 24ന് ദില്ലിയിലെത്താൻ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യ സഖ്യം അനൗപചാരിക യോഗം ചേരും. പ്രാദേശികമായി പ്രവർത്തകരെ സംഘടിപ്പിച്ച് ദില്ലിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുപ്പിക്കാനും എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓരോ പാർട്ടിയും തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ആളുകളെ എത്തിക്കാനാണ് നീക്കം. ഒക്ടോബർ 27ന് സിപിഐയും പ്രതിഷേധം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി സമരപരിപാടികൾ തുടരാനാണ് സഖ്യത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്, എൻഎസ്‌യു, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകൾ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചിരുന്നു. സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനായി നടത്തിയ നീക്കവും ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു. ഇതിനിടെ പ്രതിഷേധങ്ങൾക്ക് താൽക്കാലികമായി അയവ് വന്നെങ്കിലും വരും ദിവസങ്ങളിൽ സമരം വീണ്ടും ശക്തമാക്കാനാണ് നേതാക്കളുടെ തീരുമാനം.

അതേസമയം, സിപിഐ എംഎല്ലിന്റെ വിദ്യാർഥി സംഘടനയായ ഐസയുടെ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് എൻഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും അസംതൃപ്തി പുകയുകയാണ്. എൻഎസ്‌യുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. ഗ്രൂപ്പിന്റെ പേര് ‘വീ ദി ചോട്ടു’ എന്നാക്കി മാറ്റിയായിരുന്നു പ്രതിഷേധം. സംഘടനയിൽ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന പരിഹാസമാണ് പേരുമാറ്റത്തിലൂടെ പ്രവർത്തകർ ഉന്നയിച്ചതെന്നാണ് സൂചന.

എൻഎസ്‌യു അധ്യക്ഷനെപ്പോലും വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആരോപണവും ഗ്രൂപ്പിൽ ഉയർന്നു. വിഷയത്തിൽ എൻഎസ്‌യു നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം നീക്കം നടത്തുന്നതിനിടെ, സഖ്യത്തിലെ യുവജനസംഘടനകൾക്കുള്ളിലെ ഈ അസ്വാരസ്യങ്ങളും ശ്രദ്ധ നേടുകയാണ്.

You may also like