ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിലെ നവജാത ശിശുവിന്റെ സുരക്ഷയെച്ചൊല്ലി ആശങ്ക. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമുള്ള മാതാവ് താരയുടെ നിലപാടാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. കുട്ടിയെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനായി നിയമോപദേശം തേടുകയാണ് ജില്ലാ ശിശുക്ഷേമ സമിതി. സംഭവത്തിൽ അമ്മയ്ക്ക് കൗൺസലിങ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
രാജേഷ്–താര ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ട് ആൺകുട്ടികളാണ് മരിച്ചത്. നാല് പെൺകുട്ടികളെ ഇതിനകം ശിശുക്ഷേമ സമിതിയുടെ ചൈൽഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. നവജാത ശിശുവും മാതാപിതാക്കൾക്കൊപ്പം തുടരുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, ഇതിനായി മാതാവിന്റെ സമ്മതം ആവശ്യമാണ്. ഇന്നലെ താരയുമായി സംസാരിച്ചെങ്കിലും കുഞ്ഞിനെ വിട്ടുനൽകാൻ അവർ വിസമ്മതിക്കുകയായിരുന്നു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാമൂഹിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിക്കുകയാണ് ശിശുക്ഷേമ സമിതി. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകും. രണ്ടര വയസ്സുകാരന്റെ മരണവിവരം ഇന്നലെയാണ് താരയെ അറിയിച്ചത്. വിവരം അറിഞ്ഞപ്പോഴും അമ്മയിൽ പ്രകടമായ ഭാവവ്യത്യാസമുണ്ടായില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് കൗൺസലിങ് നൽകാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രാജേഷ്–താര ദമ്പതികളുടെ ആറാമത്തെ മകനായ രാഹുലിനെ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവുമായി രാജേഷ് ആദ്യം എത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലായിരുന്നു. ആരുമറിയാതെ മൃതദേഹം അവിടെ സംസ്കരിക്കാനായിരുന്നു ശ്രമമെന്നാണ് വിവരം. പിന്നീട് നാട്ടുകാർ ഇടപെട്ട് മൃതദേഹം ആശുപത്രിയിലെത്തിച്ചു.
പോഷകാഹാരക്കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, കുട്ടിക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുടുംബത്തിൽ സർപ്പദോഷം മൂലം ഒരു മരണം സംഭവിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വാദം.
ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് ആരെയും അറിയിക്കാതെ ബന്ധുവീട്ടിൽ മൃതദേഹം മറവാക്കിയതായാണ് വിവരം. ആ മരണത്തിന് ഔദ്യോഗിക രേഖകളില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചിരുന്നതായും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയതായും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു. കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കൾ പതിവായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് ശുപാർശ.
