തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങളും ആശങ്കകളും ചർച്ചയാക്കി സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതിനുള്ള നടപടികളുമായി യുഡിഎഫ് സർക്കാർ. കോഡിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കേണ്ട സമിതിയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ 22 തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. തൊഴിലാളികൾക്ക് പ്രയാസമുണ്ടാകാത്ത വിധത്തിൽ ലേബർ കോഡ് നടപ്പാക്കാനുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലേബർ കോഡ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ച മുഖ്യമന്ത്രി, മാറ്റങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തിയാൽ അതുസംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രത്തിന് കൈമാറുമെന്നും അറിയിച്ചു.
ലേബർ കോഡിനെതിരെ ഇടതുപക്ഷ പാർട്ടികൾ ശക്തമായ വിമർശനം ഉയർത്തുന്ന സാഹചര്യത്തിൽ, കേന്ദ്രതലത്തിൽ കോൺഗ്രസും കോഡിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സമിതിയുടെ റിപ്പോർട്ടും തുടർന്നുള്ള തീരുമാനങ്ങളും നിർണായകമാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കോഡ് നടപ്പാക്കാൻ കഴിയുമോ എന്നതിലാണ് ഇനി ശ്രദ്ധ.
