Home Kerala‘പാർട്ടിയിലേക്കുള്ള മടങ്ങിവരവ് തടയുന്നു’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

‘പാർട്ടിയിലേക്കുള്ള മടങ്ങിവരവ് തടയുന്നു’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

by news_desk1
0 comments

കണ്ണൂർ: പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് ചില നേതാക്കൾ തടസ്സം നിൽക്കുന്നുവെന്ന ആരോപണവുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി.പി. ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. പി.കെ. ശ്യാമളയ്ക്കെതിരെയും കത്തിൽ ആരോപണങ്ങളുണ്ടെന്നാണ് വിവരം. വിപുലീകൃത ജില്ലാ കമ്മിറ്റിയിലും പരിഗണന ലഭിക്കാത്തതിനെത്തുടർന്നാണ് ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റിയത് പ്രതികാര നടപടിയാണെന്നാണ് ദിവ്യയുടെ ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ സെന്ററിൽനിന്നും തന്നെ നീക്കിയതായും ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം പോലും അറിയിച്ചിരുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വിഷയത്തിൽ ഇടപെട്ടതായും ദിവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. കഴിഞ്ഞ ദിവസം ദിവ്യ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പും പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബുദ്ധന്റെ കഥ പരാമർശിച്ചുള്ള കുറിപ്പിൽ, ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ലെന്നും ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ദിവ്യ പറഞ്ഞിരുന്നു. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ജീവിതം പഠിപ്പിച്ച പാഠമാണെന്നും കുറിപ്പിലുണ്ടായിരുന്നു. പാർട്ടിയുമായുള്ള അകൽച്ചയുടെ സൂചനയായാണ് ഈ കുറിപ്പിനെ ചിലർ വിലയിരുത്തിയത്.

അതേസമയം, കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികളില്ലാതെ കമ്പനിക്ക് കരാർ നൽകിയെന്ന പരാതിയിലാണ് അന്വേഷണം.

You may also like