Home Top Storiesഇഷ്ടക്കാർക്ക് നിയമനം നൽകിയെന്ന് കണ്ടെത്തൽ; പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവും പ്രതി

ഇഷ്ടക്കാർക്ക് നിയമനം നൽകിയെന്ന് കണ്ടെത്തൽ; പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവും പ്രതി

by news_desk1
0 comments

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതി ചേർത്തു. പി.എസ്.സി അംഗങ്ങളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് നിയമനം നൽകി അന്യായ നേട്ടമുണ്ടാക്കിയെന്നും അധികാരം ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിലൂടെ പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.

എം.ആർ. ബൈജുവിനെയും പി.എസ്.സി അംഗങ്ങളെയും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുധ്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. ആസൂത്രണബോർഡ് പരീക്ഷയിൽ പി.എസ്.സിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണെന്നുമായിരുന്നു ചെയർമാന്റെ വിശദീകരണം.

ചോദ്യപ്പേപ്പർ തയ്യാറാക്കുന്നയാളെ തീരുമാനിക്കാനും അഭിമുഖത്തിന് അംഗങ്ങളെ നിർദേശിക്കാനും തനിക്ക് അധികാരമുണ്ടെന്നാണ് എം.ആർ. ബൈജു മൊഴി നൽകിയത്. അഭിമുഖത്തിന്റെ മാർക്ക് 40-ൽനിന്ന് 25 ആക്കി കുറച്ചത് തന്റെ അധികാരപരിധിയിൽപ്പെട്ട നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടുതൽ പി.എസ്.സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.എസ്.സി സെക്രട്ടറി സാജു ജോർജിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദേശം.

അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ നേരത്തേ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിനെ ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണസംഘം നീക്കം ശക്തമാക്കിയത്.

കേസിൽ ഒളിവിലായിരുന്ന പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ബന്ധുവീട്ടിൽനിന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പി. സതീഷിനെ നേരത്തേ കോഴിക്കോട്‌വെച്ചും അറസ്റ്റ് ചെയ്തിരുന്നു.

You may also like