തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഉമറിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഐശ്വര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും നീക്കമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൃത്യം നടക്കുന്നതിനിടെ ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൊലപാതകം നടക്കുന്നതുവരെ സംഭാഷണം തുടരുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഇതിലൂടെ ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ആസൂത്രിതമായ നീക്കത്തിലൂടെ ഉമറിന് കൊലപാതകവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ഐശ്വര്യയുടെ പങ്ക് വിശദമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് ഉമർ. ഇയാൾ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയായ 17കാരൻ മോഷണക്കേസിലും പ്രതിയായിരുന്നു.
