Home Kerala‘വിദ്യാർഥികൾ പരീക്ഷ എഴുതണം, സമരത്തോടല്ല എതിർപ്പ്; അക്രമത്തോടാണ് അസഹിഷ്ണുത’; നിലപാട് ആവർത്തിച്ച് റോജി എം. ജോൺ

‘വിദ്യാർഥികൾ പരീക്ഷ എഴുതണം, സമരത്തോടല്ല എതിർപ്പ്; അക്രമത്തോടാണ് അസഹിഷ്ണുത’; നിലപാട് ആവർത്തിച്ച് റോജി എം. ജോൺ

by news_desk1
0 comments

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നുതന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അവർ ഇപ്പോൾ മുന്നോട്ടുപോകുന്നത് വെല്ലുവിളിയുടെ സ്വഭാവത്തിലാണെന്നും മന്ത്രി പറഞ്ഞു. സമരങ്ങളോട് എതിർപ്പില്ലെന്നും അക്രമത്തെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പസിനകത്തായാലും പുറത്തായാലും സമരങ്ങളോട് തനിക്ക് വിയോജിപ്പില്ല. എന്നാൽ അക്രമത്തോട് അസഹിഷ്ണുതയാണുള്ളത്. വിദ്യാർഥികൾ തിരിച്ചെത്തി പഠനം തുടരണമെന്നാണ് ആഗ്രഹം. അതേസമയം, വെല്ലുവിളിയുടെ രീതിയിൽ മുന്നോട്ടുപോകുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്ന നടപടിയാണ് സുപ്രീംകോടതിയിൽ ഉണ്ടായത്. വിദ്യാർഥികളുടെ ഹർജി ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിന് കൈമാറി. വിഷയം അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കണമെന്നും നിർദേശിച്ചു. വിദ്യാർഥികളുടെ ഹാജർനില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനം.

ഹർജികളിൽ വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായാൽ വീണ്ടും പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അനുകൂല ഉത്തരവുണ്ടായാൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. അച്ചടക്കനടപടി സ്വീകരിക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും വിദ്യാർഥികളുടെ ഭാവി ഇല്ലാതാകരുതെന്നും കോടതി വ്യക്തമാക്കി.

65 ശതമാനത്തിലധികം ഹാജരുണ്ടെന്നും ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർഥികൾ പ്രതികരിച്ചു.

You may also like