കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി തോമസ് ജോൺ നൽകിയ അപേക്ഷയിലാണ് ഉത്തരവ്.
ട്രെയിനിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന് അവകാശപ്പെട്ട തോമസ്, പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദം ശരിയല്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ ഫുട് ഓവർ ബ്രിഡ്ജ് സൗകര്യമുണ്ടായിട്ടും അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ കടന്നുപോയത് അപകടത്തിന് കാരണമായെന്ന റെയിൽവേയുടെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു.
സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
