Home Kerala“പിന്നെ എന്തിനാണ് മന്ത്രി സ്ഥാനം?”; മുഖ്യമന്ത്രി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു, മന്ത്രിമാർ പോലും അറിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

“പിന്നെ എന്തിനാണ് മന്ത്രി സ്ഥാനം?”; മുഖ്യമന്ത്രി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു, മന്ത്രിമാർ പോലും അറിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ചെന്നും ജിഎൻഎ കരാർ നീക്കത്തിലൂടെ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരാർ നീക്കത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച അദ്ദേഹം, ഭരണനിർവഹണം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയല്ലെന്നും വിമർശിച്ചു.

ജിഎൻഎ കരാർ ലാഭകരമാണെന്ന് പറയുന്നത് മുഖ്യമന്ത്രി മാത്രമാണെന്നും കെഎസ്ഇബിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരാർ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കരാർ ലാഭകരമാണെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കുത്തകകൾക്ക് വേണ്ടി കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ നടപടികൾ വിചിത്രമാണെന്നും ഓരോ കാര്യത്തിനും പ്രത്യേക വകുപ്പുകളുണ്ടെങ്കിലും ബന്ധപ്പെട്ട മന്ത്രിമാർ പോലും തീരുമാനങ്ങൾ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കെഎസ്ഇബി സി.എം.ഡിയെ മാറ്റി പകരം പുതിയ ആളെ നിയമിച്ചിട്ടും അദ്ദേഹം വകുപ്പ് മന്ത്രിയെ കാണാതെ നേരിട്ട് മുഖ്യമന്ത്രിയോടാണ് കാര്യങ്ങൾ സംസാരിക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രിക്ക് പോലും തീരുമാനങ്ങൾ അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ എന്തിനാണ് മന്ത്രി സ്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇത് ഒരു മന്ത്രിയുടെ മാത്രം അനുഭവമല്ലെന്നും മറ്റു മന്ത്രിമാർക്കും സമാനമായ സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണനിർവഹണം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

You may also like