ചെന്നൈ: തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരുന്ന കൂട്ടുകെട്ട് വെള്ളിത്തിരയിലേക്ക്. വിജയ് സേതുപതിയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന പുതിയ റൊമാന്റിക് ചിത്രം ‘ഇഞ്ചി വെള്ളം’ 2027 ജനുവരി 29ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി മണിരത്നത്തിന്റെ ഒരു റൊമാന്റിക് ചിത്രത്തിൽ ഒന്നിച്ചെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അവിക് മുഖോപാധ്യായ ഛായാഗ്രഹണവും നിർവഹിക്കുന്നു. ‘പിങ്ക്’, ‘സർദാർ ഉദ്ധം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് അവിക്.
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ കൊൽക്കത്തയിലായിരുന്നു സിനിമയുടെ ചിത്രീകരണം. മണിരത്നത്തിന്റെ 2018ൽ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിച്ചിരുന്നു.
വൻ പ്രതീക്ഷകളോടെ എത്തിയെങ്കിലും തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ‘തഗ് ലൈഫി’നു ശേഷമുള്ള മണിരത്നം ചിത്രമായതിനാൽ ‘ഇഞ്ചി വെള്ള’ത്തിനായി സിനിമാലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതേസമയം, സിനിമാ തിരക്കുകൾക്കൊപ്പം തമിഴ് ബിഗ് ബോസിന്റെ അവതാരകനായും വിജയ് സേതുപതി സജീവമാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘സ്ലം ഡോഗ്’, ത്യാഗരാജൻ കുമാരരാജയുടെ ‘പോക്കറ്റ് നോവൽ’, ബാലാജി തരണീതരന്റെ ചിത്രം, രാജ് ആൻഡ് ഡികെയുടെ ‘ഫർസി 2’ എന്നിവയാണ് താരത്തിന്റേതായി അണിയറയിലുള്ള മറ്റ് പ്രധാന പ്രോജക്ടുകൾ.
മറുവശത്ത്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘രാമായണ’യിൽ പ്രധാന വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ധനുഷും മമ്മൂട്ടിയും ഒരുമിക്കുന്ന ‘ഓം ചാപ്റ്റർ 1’ലും താരം അഭിനയിക്കുന്നുണ്ട്. പുതിയ ചിത്രങ്ങളിലൂടെ തിരക്കേറിയ സിനിമാ വർഷത്തിനാണ് ഇരുവരും ഒരുങ്ങുന്നത്.
