Home Nationalജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ചത് 164 വിദേശികളെ; പാസ്‌പോർട്ട് പിടിച്ചുവച്ച് തടവിലാക്കി

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ചത് 164 വിദേശികളെ; പാസ്‌പോർട്ട് പിടിച്ചുവച്ച് തടവിലാക്കി

by news_desk1
0 comments

ന്യൂഡൽഹി: ഐടി സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച 164 വിദേശികളെ പാസ്‌പോർട്ട് പിടിച്ചുവച്ച് തടവിലാക്കി സൈബർ തട്ടിപ്പിന് ഉപയോഗിച്ച സംഘത്തിന്റെ പ്രവർത്തനം പൊലീസ് പുറത്തുകൊണ്ടുവന്നു. ഡൽഹി ക്രൈംബ്രാഞ്ച് നോയിഡയിലെ കോൾ സെന്ററിൽ നടത്തിയ റെയ്ഡിലാണ് ഇന്തൊനീഷ്യക്കാരായ 92 പേരെയും മലേഷ്യക്കാരായ 72 പേരെയും മോചിപ്പിച്ചത്.

കഴിഞ്ഞ നാലു മാസത്തിനിടെയാണ് ഇവരെ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ചത്. ഐടി സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുവന്നശേഷം പാസ്‌പോർട്ടുകൾ പിടിച്ചുവയ്ക്കുകയും സൈബർ തട്ടിപ്പിന് നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. സംഘത്തിന്റെ പിടിയിലായ ഒരാൾ ക്രൈംബ്രാഞ്ചിന് ഇമെയിൽ അയച്ചതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

സ്‌കെവി ഇൻഫ്രാടെക് എന്ന കമ്പനിയുടെ പേരിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്ററിലായിരുന്നു പരിശോധന. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളുമായി ഓൺലൈൻ സൗഹൃദം സ്ഥാപിക്കുകയായിരുന്നു സംഘത്തിന്റെ രീതി. വിശ്വാസം നേടിയെടുത്തശേഷം തട്ടിപ്പ് നടത്താനാണ് മോചിപ്പിക്കപ്പെട്ടവരെ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ പൗരനായ ടാൻ ഗ്വാൻ വെയ് (25) അറസ്റ്റിലായി. കേസിൽ ഉൾപ്പെട്ട സുനിൽ കുമാറും സുശീൽ കുമാറും വിദേശത്തേക്ക് കടന്നതായാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.

You may also like