ചെന്നൈ: ഒരുകാലത്ത് അടുത്ത രാഷ്ട്രീയ സഖ്യകക്ഷികളായിരുന്ന ഡിഎംകെയും കോൺഗ്രസും അകലുന്നു. മണ്ഡലപുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യാ സഖ്യത്തിൽ അസ്വാരസ്യം ശക്തമായി. സ്റ്റാലിന്റെ നിലപാട് മാറ്റാനുള്ള നീക്കവുമായി സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചെന്നൈയിലെത്തുകയാണ്. സ്റ്റാലിനെ സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയും അനുനയശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും നിലപാടിൽനിന്ന് ഡിഎംകെ പിന്നോട്ടുപോകാൻ സാധ്യതയില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമാണ് ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലെ സിപിഎം, സിപിഐ, വിസികെ എന്നീ കക്ഷികളും ടിവികെയെ പിന്തുണച്ചെങ്കിലും അതിനു മുൻപ് സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.
ബിജെപിയുടെ മുന്നേറ്റം തടയാനാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന നിലപാട് സ്റ്റാലിൻ അംഗീകരിച്ചെങ്കിലും, ടിവികെ സർക്കാർ നിലനിൽക്കുന്നത് തങ്ങളുടെ കാരുണ്യം കൊണ്ടാണെന്ന അദ്ദേഹത്തിന്റെ തുടർച്ചയായ പരാമർശങ്ങൾ സഖ്യകക്ഷികളെ അസ്വസ്ഥരാക്കി. ഇതോടെ ഈ പാർട്ടികൾ ഡിഎംകെ മുന്നണിയിൽനിന്ന് അകന്നു. നിലവിൽ ഡിഎംകെയും വിജയകാന്തിന്റെ ഡിഎംഡികെയും മാത്രമാണ് സഖ്യത്തിലുള്ളത്. ഇരുപാർട്ടികൾക്കുമായി 60 എംഎൽഎമാരുണ്ട്. വൈക്കോയുടെ എംഡിഎംകെയും ടിവികെ സഖ്യത്തിലേക്ക് മാറി.
സഖ്യകക്ഷികൾ കൈവിട്ടെന്ന രാഷ്ട്രീയ സാഹചര്യമാണ് ഇതുവരെ എതിർത്തിരുന്ന ബിജെപി പക്ഷത്തേക്ക് അടുക്കാൻ സ്റ്റാലിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാക്കളായ എ. രാജ, കനിമൊഴി, ടി.ആർ. ബാലു എന്നിവരുടെ നിലപാടുകളും ഇതിൽ നിർണായകമായി. സംസ്ഥാനതലത്തിൽ ബിജെപിയുമായുള്ള ബന്ധം ഗുണകരമാകില്ലെന്നായിരുന്നു ഡിഎംകെയുടെ ആദ്യ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് അധികാരത്തിലില്ലാത്ത സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യമാണെന്ന നിലപാടിലേക്കാണ് നേതൃത്വം മാറുന്നതെന്നാണ് സൂചന.
