Home Top Storiesസിജെപി സമരത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു; കൂടുതൽ നേതാക്കൾ ജന്തർ മന്ദറിലേക്ക്, പാർലമെന്റിൽ അതീവ ജാഗ്രത

സിജെപി സമരത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു; കൂടുതൽ നേതാക്കൾ ജന്തർ മന്ദറിലേക്ക്, പാർലമെന്റിൽ അതീവ ജാഗ്രത

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജന്തർ മന്ദറിലെ സമരവേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാൾ, ശിവസേന (യു.ബി.ടി.) നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി. നേതാവ് ശരദ് പവാർ എന്നിവർ ഇന്നലെ സമരവേദി സന്ദർശിച്ചിരുന്നു. കസ്റ്റഡിയിലായ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നേരിട്ട് പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു.

അതേസമയം, വിഷയത്തിൽ കോൺഗ്രസിനെതിരെ എ.എ.പി. രംഗത്തെത്തി. സിജെപി സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം. ജന്തർ മന്ദറിലെ സമരത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്നും കോൺഗ്രസിന്റെ സമരങ്ങൾക്ക് ഭരണകക്ഷിയുടെ അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിജെപിയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാത്ത വ്യക്തികളുടെ പേരിലാണ് എഫ്.ഐ.ആറുകൾ. പ്രതിഷേധക്കാരെ തിരിച്ചറിയാൻ സി.സി.ടി.വി. ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പാർലമെന്റ് മാർച്ചിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തെന്നാണ് പൊലീസ് വിലയിരുത്തൽ.

പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ പ്രതിഷേധക്കാർ വീണ്ടും പുനർനിർമിച്ചിട്ടുണ്ട്. അതിരാവിലെ മുതൽ നൂറുകണക്കിന് വിദ്യാർഥികൾ ജന്തർ മന്ദറിലെ സമരവേദിയിലെത്തുന്നുണ്ട്. ഇതിനിടെ പാർലമെന്റിന് മുന്നിൽ സുരക്ഷ അതീവ ശക്തമാക്കി. കൂടുതൽ പൊലീസ്, സി.ആർ.പി.എഫ്., റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, മറ്റ് കേന്ദ്രസേനകൾ എന്നിവയെ വിന്യസിച്ചു. പ്രധാന റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്ത പക്ഷം രാഷ്ട്രപതി ഭവനിലേക്കടക്കം പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

കഴിഞ്ഞ ദിവസത്തെ സംഘർഷം കണക്കിലെടുത്ത് കണ്ണീർവാതക ഷെല്ലുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും പാർലമെന്റ് പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

You may also like